NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല അർഥത്തിലും അദ്ദേഹം തന്റെ ഗുരുവാണ്. കേരളത്തിലുള്ള പലർക്കും അദ്ദേഹം ഗുരുവാണ്. പ്രവൃത്തിയിലൂടെയാണ് ഉമ്മൻചാണ്ടി വഴി കാട്ടിയത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യമുണ്ട്. ഉമ്മന്ചാണ്ടി ജനങ്ങൾക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അടുത്ത് കണ്ടു. ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹമെന്നും രാഹുൽ പറഞ്ഞു.
ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
കോട്ടയം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തി. രാവിലെ പത്തിന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയ രാഹുൽ തുടർന്ന് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
Kerala
തിരുവനന്തപുരം: മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ രചിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥം /”വിസ്മയ തീരത്ത് ’ നാളെ രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രകാശനം ചെയ്യും.
മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസൻ, ബി. അശോക് ഐഎഎസ്, എം. രഞ്ജിത് എന്നിവർ പ്രസംഗിക്കും. പ്രസാദ് കുറ്റിക്കോട് (ഡിസി ബുക്സ്) സ്വാഗതവും പി.ടി. ചാക്കോ നന്ദിയും പറയും.
2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി. ചാക്കോയുടെ അനുഭവകുറിപ്പുകളാണ് ഉള്ളടക്കം. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോയുടെ ആറാമത്തെ പുസ്തകമാണിത്. മൂന്നു കുഞ്ഞൂഞ്ഞു കഥകൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
NRI
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ആചരണവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം എട്ട് മുതൽ10 വരെ ഹോളിവെൽ ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
കോൺഗ്രസ് അനുഭാവികളും ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സുജു കെ. ഡാനിയേൽ, സിബി തോമസ്, ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഐഒസി ദേശീയ നേതാക്കളായ സുജു കെ. ഡാനിയേൽ, സുരാജ് കൃഷ്ണൻ, വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ, റാണി സുനിൽ, സിബി ജോൺ, കൊച്ചുമോൻ പീറ്റർ, ജെബിറ്റി, ബിജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകും.
തുടർന്ന് നടക്കുന്ന പ്രാർഥനാ യജ്ഞത്തിന് ബിജുമോൻ മണലേൽ (വിമുക്ത ഭടൻ), ജോൺ തോമസ് എന്നിവർ നേതൃത്വം നൽകും. തുടർന്ന് പുഷ്പാർച്ചന നടത്തും.